Monday 4 September 2017

മതം മാറുമ്പോള്‍ പേര് മാറണോ ? ജോസഫിനും മേരിക്കും ചാക്കോ യ്ക്കും വറീതിനും പട്ടികജാതി ആകാമോ? - ജയകുമാര്‍ എം കെ


മത ജാതി സംവരണവുമായി ബന്ധപ്പെട്ടു നടക്കുന്ന പല ചര്‍ച്ചകളിലും നമ്മള്‍ അറിയാതെ പോകുന്ന പല വസ്തുതകളുമുണ്ട്. ദലിതരുടെ മതം മാറ്റവും, അതോടൊപ്പം പേരിലെ മത സൂചനകളും നമുക്ക് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. 'ഇമേെ മിറ ൃലഹശഴശീൗ െശറലിശ്യേ' എന്നൊരു തലക്കെട്ടില്‍ 'Economic & Political weekly (July 30, 2016, Vol. LI No. 31) 'യില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ ഈ വിഷയവുമായി ബന്ധപ്പെട്ട നമ്മുടെ സംശയങ്ങള്‍ ദൂരികരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം, പഞ്ചാബിലെ പ്രസിദ്ധനായ പോപ്പ് ഗായകനും നിയമസഭാംഗവുമായ മുഹമ്മദ് സാദ്ദിഖ് എന്ന വ്യക്തിയുടെ നിയമസഭാ സാമാജികത്വവുമായി ബന്ധപ്പെട്ട് 2016 ഏപ്രില്‍ 29 നു ബഹുമാനപ്പെട്ട സുപ്രീം കോടതി നടത്തിയ ഒരു ഉത്തരവാണ് '(Muhammad Sadique v Darbara Sign Guru 2016:33). അതായത് 2012 ജനുവരിയില്‍ നടന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ അസംബ്‌ളി മണ്ഡലത്തില്‍ (ടഇ സംവരണ മണ്ഡലം) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് സാദിഖ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും മത്സരത്തില്‍ ശിരോമണി അകാലിദളിലെ ദര്‍ബാര്‍ സിങ് ഗുരുവിനെ പരാജയപ്പെടുത്തി എം.എല്‍.എ. ആകുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഗുരു സാദിക്കിന്റെ സാമാജികത്വത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. കാരണം Bhaduar മണ്ഡലം പട്ടികജാതി സംവരണമണ്ഡലമാണെന്നും, മുസ്ലീം വിഭാഗക്കാരനായ സാദിഖിന് അവിടെ മത്സരിക്കാന്‍ കഴിയുകയില്ലെന്നുംഅതിനാല്‍ അദ്ദേഹത്തിന്റെ സാമാജികത്വം റദ്ദു ചെയ്യുമെന്നും ആവശ്യപ്പെട്ടായിരുന്നു ഗുരു കോടതിയെ സമീപിച്ചത്. ഗുരുവിന്റെ പരാതിയിന്മേല്‍ സാദിക്ക് കോടതിക്ക് മുന്നില്‍ വച്ച വാദങ്ങള്‍ ഇവയാണ്.

താന്‍ 'Doom' ജാതിയില്‍ പെട്ട ആളാണ്. വിഭാഗം പഞ്ചാബില്‍ പട്ടികജാതിയില്‍ പെട്ട സമുദായമാണ്. അതിനു തെളിവായി ബന്ധപ്പെട്ട അധികാരികളില്‍ നിന്നും താന്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. മാത്രമല്ല 1989-91 കാലയളവില്‍ തന്റെ മകള്‍ക്കും ജാതിയാണെന്നുളള സര്‍ട്ടിഫിക്കറ്റു ലഭ്യമായിട്ടുണ്ട്.

പിന്നെ, താന്‍ മുസ്ലീം ആയിട്ടാണ് ജനിച്ചതെങ്കിലും (അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇസ്ലാം മതം സ്വീകരിച്ചതാണ്). 2006 ഏപ്രില്‍ 13 ന് അതായത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ആറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ സിഖ് മതം സ്വീകരിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നുണ്ട്. അത് പത്രങ്ങളില്‍ ഗസറ്റ് നോട്ടിഫൈ ചെയ്തതുമാണ്.

താനൊരു പ്രശസ്ത ഗായകനായതിനാലാണ് പേരില്‍ മാറ്റം വരുത്താത്തത്. മാത്രമല്ല ചെറുപ്പം മുതല്‍ തന്നെ സിഖ് ആചാരങ്ങളോടും വിശ്വാസങ്ങളോടുമാണ് ആഭിമുഖ്യംപുലര്‍ത്തിയിരുന്നത്.

എന്നാല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സാദിക്കിന്റെ വാദങ്ങള്‍ നിരാകരിക്കുകയും 2015 ഏപ്രിലില്‍പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റീസ് നരേഷ് കുമാര്‍ സാങ്ങി ഇപ്രകാരം പറഞ്ഞു.

സാദിഖ് ജനിച്ചത് മുസ്ലീം ആയതിനാലും, ഇസ്ലാം മതത്തില്‍ ജാതി ഇല്ലാത്തതിനാലും അദ്ദേഹം 'Doom' ജാതിയില്‍ പെട്ട ആളാണെന്നുളള വാദം നിലനില്‍ക്കില്ല. മാത്രമല്ല, അദ്ദേഹം സിഖ് ആചാരങ്ങള്‍ പിന്തുടരുന്നത് കോടതിക്ക് ബോധ്യപ്പെട്ടിട്ടുമില്ല. കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോഇനിയും മതം മാറിയിട്ടില്ല. അവര്‍ ഇസ്ലാം പിന്തുടരുകയാണ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ സംവരണമണ്ഡലത്തില്‍ മത്സരിക്കാന്‍ സാദ്ദിക്കിന് അര്‍ഹതയില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഉത്തരവിറക്കി.

എന്നാല്‍ ഹൈക്കോടതി ഉത്തരവ് എതിരായപ്പോള്‍ സാദിക്ക് സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റീസ് രാജന്‍ ഗൊഗോയ്, ജസ്റ്റീസ് പ്രഫുല്ല സി പന്ത് എന്നിവരടങ്ങുന്ന രണ്ടംഗ ബഞ്ചാണ് വാദം കേട്ടത്. ഇവിടെ ബഹുമാനപ്പെട്ടസുപ്രീം കോടതി ആദ്യം വിലയിരുത്തുന്നത് നോമിനേഷന്‍ കൊടുക്കുന്ന സമയത്തും അത് സ്വീകരിക്കപ്പെടുന്ന സമയത്തും മുഹമ്മദ് സാദിഖ് പട്ടികജാതിയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുളള ആളായിരുന്നോ എന്നതാണ്. 2006 ല്‍ അദ്ദേഹം ഔദ്യോഗികമായി സിഖ് മതം സ്വീകരിച്ചിരുന്നു എന്ന് കോടതിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല അദ്ദേഹം 'Doom' ജാതിയില്‍ പെട്ട ആളാണെന്നു ബന്ധപ്പെട്ട രേഖകലില്‍ നിന്നും കോടതി മനസ്സിലാക്കി. തുടര്‍ന്ന് കോടതി നിരീക്ഷിച്ചത് അദ്ദേഹം തന്റെ ഇസ്ലാം പേര് നിലനിര്‍ത്തിയതോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ സിഖ് മതം സ്വീകരിക്കാതെ ഇസ്ലാം പിന്തുടരുന്നതോ, അദ്ദേഹത്തിന് സംവരണം നിഷേധിക്കാന്‍ തക്കതായ കാരണമല്ല എന്നാണ്. അതായത് ഒരാള്‍ മതം മാറിയാല്‍ തന്റെ പേര് മാറണമെന്ന് നിര്‍ബന്ധമുളള കാര്യമല്ല. അതുപോലെ ഒരു വ്യക്തിക്ക് സ്വന്തം താല്പര്യാര്‍ത്ഥം മതം മാറുകയോ തിരികെ വരുകയോ ചെയ്യുന്നതിന് അയാളുടെ ഏതെങ്കിലും കുടുംബാംഗങ്ങളും മാറണം എന്ന നിയമം പറയുന്നില്ല. ഈ നിരീക്ഷണങ്ങള്‍ നടത്തിയ ശേഷം, ഒരാള്‍ക്ക് സംവരണം അവകാശപ്പെടാന്‍ കോടതി വിലയിരുത്തിയ യോഗ്യതകള്‍, അയാള്‍ പട്ടികയില്‍ പറയുന്ന ജാതിയില്‍ പെട്ടതും, ഹിന്ദു, സിഖ് അല്ലെങ്കില്‍ ബുദ്ധ മത വിശ്വാസം പിന്തുടരുന്ന ആളാണെങ്കില്‍ അതല്ല ഒരാള്‍ മതം മാറുമ്പോള്‍ നിയമപരമായി അയാളുടെ ജാതിയും മാറുന്നുണ്ടോ എന്നതും ആണ്. മതം മാറുമ്പോഴോ, തിരികെ വരുമ്പോഴോ, അയാളുടെ ജന്മവുമായി ബന്ധപ്പെട്ട ജാതി മാറുന്നില്ല എന്ന് നിരീക്ഷിച്ച കോടതി മുഹമ്മദ് സാദിക്കിന്റെ സംവരണാവകാശം അനുവദിക്കുകയും, അദ്ദേഹത്തിന് നിയമസഭാംഗമായി തുടരാന്‍ അനുവദിക്കുകയും ചെയ്തു.



No comments:

Post a Comment